കീഴരിയൂർ:വിദ്യാഭ്യാസത്തിനും കാർഷിക മേഖലക്കും ഊന്നൽ നൽകി നൈപുണ്യ വികസന പദ്ധതികൾ നടപ്പിലാക്കി കീഴരിയൂരിൻ്റെ അടുത്ത അഞ്ച് വർഷങ്ങൾ മുന്നോട്ട് പോകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ ബാബു പറഞ്ഞു.മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷനൽ സർവ്വീസ് സ്കീം യൂനിറ്റിൻ്റെ കണ്ണോത്ത് യൂ.പി സ്കൂളിൽ സംഘടിപ്പിക്കുന്ന സംപ്തദിന സഹവാസ ക്യാമ്പിൽ ഗ്രാമ സ്വരാജ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . വഴിയോര കുടിവെള്ളം, പ്ലാസ്റ്റിക്ക് മാലിന്യ നിർമാർജനം എന്നിവയുമായി ബന്ധപ്പെട്ട് നടപടികൾ ഉണ്ടാകണമെന്ന് വളണ്ടിയർമാർ നിർദ്ദേശം മുന്നോട്ട് വെച്ചു. കീഴരിയൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ ഫുട്ബോൾ ഗ്രൗണ്ട് സ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് വാർഡ് മെമ്പർ നിഷാഗ ഇല്ലത്ത് അഭിപ്രായപ്പെട്ടു.

വിവിധ തരത്തിലുള്ള പെൻഷനുകൾ ലഭിക്കുന്ന വയോജനങ്ങൾക്ക് സമയബന്ധിതമായി പെൻഷൻ ലഭിക്കുന്നത് പ്രത്യേക നടപടികൾ സ്വീകരിക്കാനുള്ള പരിശ്രമം നടത്തുമെന്ന് പതിമൂന്നാം വാർഡ് മെമ്പർ സവിത വലിയപറമ്പത്ത് അഭിപ്രായപ്പെട്ടു. എ സുബാഷ് കുമാർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി എൻ എം രമേശൻ ഗ്രാമ സ്വരാജ് സങ്കൽപ്പത്തിൻ്റെ ഭരണഘടനാ സാധ്യതകളെക്കുറിച്ച് സംസാരിച്ചു.കെ.അബ്ദു റഹ്‌മാൻ കീഴരിയൂർ പഞ്ചായത്തിലെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചു,എൻ.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷാജു സി.എം സ്വാഗതവും വളണ്ടിയർ ഗൗതം കൃഷ്ണ നന്ദിയും പറഞ്ഞു













