ജിമെയിൽ ഉപഭോക്താക്കൾ കാലങ്ങളായി കാത്തിരുന്ന ഒരു പ്രധാന മാറ്റത്തിന് ഗൂഗിൾ ഒരുങ്ങുന്നു. ഒരിക്കൽ ക്രിയേറ്റ് ചെയ്താൽ മാറ്റാൻ കഴിയില്ലെന്ന് കരുതിയിരുന്ന ജിമെയിൽ ഐഡി തന്നെ മാറ്റാനുള്ള പുതിയ ഫീച്ചറാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്.
ഇതിനായുള്ള ഔദ്യോഗിക സപ്പോർട്ട് പേജ് നിലവിൽ ഹിന്ദി ഭാഷയിൽ മാത്രം പ്രത്യക്ഷപ്പെട്ടതോടെ, ഈ മാറ്റം ആദ്യം പരീക്ഷിക്കുന്നത് ഇന്ത്യയിലായിരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. സാധാരണയായി തേർഡ് പാർട്ടി ഇമെയിലുകൾ ലോഗിൻ ആയി ഉപയോഗിക്കുന്നവർക്ക് മാറ്റങ്ങൾ അനുവദിക്കാറുണ്ടെങ്കിലും @gmail.com എന്ന് അവസാനിക്കുന്ന വിലാസങ്ങൾ മാറ്റാൻ ഇതുവരെ സാധിക്കുമായിരുന്നില്ല.
ജിമെയിൽ വിലാസം മാറ്റിയാലും ഉപഭോക്താക്കളുടെ നിലവിലുള്ള ഇമെയിലുകൾ, ഫോട്ടോകൾ, മറ്റ് വിവരങ്ങൾ എന്നിവയ്ക്ക് മാറ്റമുണ്ടാകില്ലെന്ന് ഗൂഗിൾ വ്യക്തമാക്കി. പുതിയ വിലാസത്തിലേക്ക് മാറിക്കഴിഞ്ഞാൽ പഴയ ഐഡി ഒരു ‘ഏലിയാസ്’ (Alias) ആയി മാറും. അതായത് പഴയ ഐഡിയിലേക്ക് ആരെങ്കിലും ഇമെയിൽ അയച്ചാലും അത് പുതിയ ഇൻബോക്സിൽ തന്നെ എത്തും.
അക്കൗണ്ട് വിവരങ്ങളോ കോൺടാക്റ്റുകളോ ഒന്നും തന്നെ നഷ്ടപ്പെടാതെ വെറും ഇമെയിൽ വിലാസം മാത്രം മാറ്റാൻ ഈ ഫീച്ചർ സഹായിക്കും. ഗൂഗിൾ സേവനങ്ങൾ തിരിച്ചറിയാൻ ഇമെയിൽ വിലാസം പ്രധാനമാണെന്നും അതുകൊണ്ട് തന്നെ ഈ മാറ്റം ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകുമെന്നും കമ്പനി അറിയിച്ചു.
കർശനമായ നിയന്ത്രണങ്ങൾ
ഇമെയിൽ വിലാസം മാറ്റുന്നതിന് ഗൂഗിൾ ചില നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ ഐഡി മാറ്റിക്കഴിഞ്ഞാൽ അടുത്ത 12 മാസത്തേക്ക് അത് വീണ്ടും മാറ്റാനോ ഡിലീറ്റ് ചെയ്യാനോ സാധിക്കില്ല. ഒരാൾക്ക് തന്റെ അക്കൗണ്ടിന്റെ കാലാവധിക്കുള്ളിൽ പരമാവധി മൂന്ന് തവണ മാത്രമേ ഇമെയിൽ വിലാസം മാറ്റാൻ അനുവാദമുള്ളൂ.
പഴയ വിലാസം മറ്റൊരാൾക്ക് നൽകില്ലെങ്കിലും ഒരു വർഷത്തേക്ക് ആ വിലാസം ഉപയോഗിച്ച് പുതിയ അക്കൗണ്ട് തുടങ്ങാൻ സാധിക്കില്ല. കലണ്ടർ ഇവന്റുകളിലും മറ്റും പഴയ ഐഡി കുറച്ചു കാലം കൂടി കാണാൻ സാധ്യതയുണ്ടെന്നും ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
റോൾഔട്ട് വിവരങ്ങൾ
ഗൂഗിൾ പിക്സൽ ഹബ് ടെലിഗ്രാം ഗ്രൂപ്പിലാണ് ഈ മാറ്റം സംബന്ധിച്ച വിവരങ്ങൾ ആദ്യം വന്നത്. നിലവിൽ ഈ ഫീച്ചർ ഔദ്യോഗികമായി പ്രവർത്തനക്ഷമമായിട്ടില്ലെങ്കിലും സപ്പോർട്ട് പേജിലെ വിശദാംശങ്ങൾ സൂചിപ്പിക്കുന്നത് ഉടൻ തന്നെ ഇത് ലഭ്യമാകുമെന്നാണ്.
ഗൂഗിൾ അക്കൗണ്ടിലെ ‘മൈ അക്കൗണ്ട്’ (My Account) സെക്ഷനിൽ പോയി ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇമെയിൽ ഐഡി മാറ്റാൻ സാധിക്കും. വർഷങ്ങൾക്ക് മുമ്പ് തമാശയ്ക്കോ മറ്റോ ക്രിയേറ്റ് ചെയ്ത പ്രൊഫഷണൽ അല്ലാത്ത ഇമെയിൽ ഐഡികൾ മാറ്റാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ഈ പുതിയ അപ്ഡേറ്റ് വലിയ ഉപകാരപ്രദമാകും.















